Friday, May 29, 2020

ശുക്രദശ

ശുക്രദശ
=======

ഒരാളുടെ ജാതകത്തിൽ ശുക്രൻ അനിഷ്ടസ്ഥാനആധിപത്യം വഹിച്ചു നിന്നാൽ ആ ശുക്രദശാകാലം ഗുണഫലത്തെ നൽകില്ല. ഉദാഹരണമായി ഒരാളുടെ ജാതകത്തിൽ ശുക്രൻ ആറ് , എട്ട് , പന്ത്രണ്ട് ഭാവങ്ങളിലോ , ഈ പറഞ്ഞ ഭാവങ്ങളുടെ ആധിപത്യമോ ഉണ്ടെങ്കിൽ ആ ദശ  അനുകൂലം ആവില്ല.  മാത്രമല്ല ജാതകത്തിൽ ശുക്രൻ സ്പുടം ചെയ്തു നിൽക്കുന്ന നക്ഷത്രത്തിന്റെ അധിപൻ അനിഷ്ട സ്ഥാനത്തു വന്നാലും ഗുണഫലം കുറവായിരിക്കും.

Sunday, May 10, 2020

മാതൃ പഞ്ചകം - സംസ്‌കൃത ശ്ലോകം

ഇന്ന് ലോക മാതൃദിനം..ശങ്കരാചാര്യരുടെ #മാതൃപഞ്ചകം ചൊല്ലി കൊണ്ടാവട്ടെ ഈ ദിനാചരണം

#മാതൃപഞ്ചകം

ശ്ലോകം - 1

ആസ്താം താവദിയം പ്രസൂതിസമയെ ദുര്‍വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
എകസ്യാപി ന ഗര്‍ഭഭാര ഭരണക്ലേശസ്യ യസ്യ ക്ഷമഃ
ദാതും നിഷ്ക്രിതിമുന്നതോപി തനയ: തസ്വൈ ജനന്യൈ നമഃ🙏

എന്നെ പ്രസവിക്കുന്ന സമയത്ത് അമ്മ സഹിച്ചതായ സഹിക്കാൻ കഴിയാത്ത ആ വേദന - അതിനെപ്പറ്റി അതുപോലെ വേദന അനുഭവിച്ച മറ്റൊരമ്മയ്ക്കല്ലാതെ; മറ്റാർക്കാണ് അറിയാൻ കഴിയുക? അതിരിക്കട്ടെ എന്നെ ഗർഭത്തിൽ ധരിച്ചിരുന്ന സമയത്ത് അമ്മ അനുഭവിച്ച പല തരം കഷ്ടപ്പാടുകൾ, ആഹാരത്തിൽ രുചിയില്ലായ്മ, ഛർദ്ദി, ശരീരംമെലിയൽ, പ്രസവശേഷം ഒരുകൊല്ലക്കാലം എന്റെ മലമൂത്രങ്ങളാൽ കൂടെകൂടെ മലിനമായിത്തീർന്നുകൊണ്ടിരുന്ന കിടക്കയിലെ കിടപ്പ്, എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത കൊണ്ട് മുറിഞ്ഞുമുറിഞ്ഞുള്ള ഉറക്കം എന്നെ വളർത്തി വലുതാക്കാൻ സഹിച്ച ക്ലേശങ്ങൾ, പലപ്പോഴും താനൊന്നുംകഴിക്കാതെ പട്ടിണികിടന്നും കുഞ്ഞായിരുന്ന എനിക്ക് ആഹാരംതന്നുപോഷിപ്പിക്കൽ - ഇങ്ങനെ എണ്ണിയെണ്ണി പറയുകയാണെങ്കിൽ അവസാനിക്കാത്തെ വിധത്തിൽ വാത്സല്യത്തിന്റെ ഉറവിടമായ അമ്മ എന്നെപോറ്റിവളർത്താൻ സഹിച്ച കഷ്ടപ്പാടുകൾ - മകൻ എത്രയൊക്കെ വലിയവനായിത്തീർന്നാലും, അമ്മ മകനുവേണ്ടി സഹിച്ച ആയിരമായിരം ത്യാഗങ്ങളിൽ ഒന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിയില്ല. ഞാനിപ്പോൾ മറ്റുള്ളവരുടെ ദൃഷ്ടിയിൽ ജഗദ്ഗുരുവാണ്. ആചാര്യവര്യനാണ്. വിശ്വപ്രസിദ്ധനാണ്. എല്ലാവരുടെയും ബഹുമാനാദരങ്ങൾക്ക് പാത്രീഭുത താണ്. അദ്വൈതബ്രഹ്മനിഷ്ഠനാണ്. ഇതെല്ലാമുണ്ടായിട്ടെന്തു കാര്യം? ഇപ്രകാരമെല്ലാമുള്ള ഞാൻ വിചാരിച്ചിട്ടുപോലും അമ്മ എനിക്കു വേണ്ടി സഹിച്ച കഷ്ടപ്പാടുകളിലൊന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞില്ലല്ലോ. അമ്മേ ! നിസ്സഹായനായ ഞാൻ അമ്മയുടെ കാല്ക്കൽ ഇതാ ഒന്നു നമസ്ക്കരിക്കുകമാത്രം ചെയ്യുന്നു.

ശ്ലോകം - 2

ഗുരുകുലമുപസ്രുത്യ സ്വപ്നകാലെ തു ദ്രുഷ്ട്വാ
യതിസമുചിതവേഷം പ്രാരുദോ മാ ത്വമുച്ചൈഃ
ഗുരുകുലമഥ സര്‍വ്വം പ്രാരുദത്തെ സമക്ഷം
സപദി ചരണയോസ്തേ മാതുരസ്തു പ്രണാമഃ🙏

ഞാൻ ഒരു പഴയസംഭവം ഓർത്തുപോവുകയാണ്. ഞാൻ ഗുരുകുലത്തിൽ വിദ്യാഭ്യാസംചെയ്തുകഴിഞ്ഞിരുന്നകാലം ഞാൻ സംന്യസിച്ചതായി അമ്മ സ്വപ്നം കണ്ടു. രാവിലെതന്നെ അമ്മ ഗുരുകുലത്തിലേക്കോടി വന്നു " നീ എന്നെ ഉപേക്ഷിച്ച് സംന്യസിച്ചുപോവുകയാണോ മകനെേ" എന്നുചോദിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ആ രംഗംകണ്ട് എന്റെ സഹപാഠികളും, ഗുരുനാഥൻപോലും കരഞ്ഞു പോയി അമ്മേ ! ആ സ്നേഹത്തിനുമുൻപിൽ, വേറെ യാതൊന്നും സമർപ്പിക്കാനില്ലാത്ത ഞാനിതാ ഒന്നു നമസ്ക്കരിക്കുകയെങ്കിലുംചെയ്യട്ടെ.

ശ്ലോകം - 3

ന ദത്തം മാതസ്തെ മരണസമയെ തോയമപി വാ
സ്വഥാ വാ നൊ ദേയാ മരണദിവസേ ശ്രദ്ധാവിധിനാ
ന ജപ്തോ മാതസ്തെ മരണസമയെ താരകമഹം 
അകാലെ സംപ്രാപ്തേ മയി കുരു ദയാം മാതസ്തൂലാം🙏

അമ്മേ! അവിടുത്തെ മരണസമയത്ത് രണ്ടുതുള്ളി ഗംഗാജലം ആ 
ചുണ്ടുകളിലുറ്റിച്ചു തരാൻ എനിക്ക് കഴിഞ്ഞില്ല മരണദിവസത്തെ തിഥിയെ ഓർമ്മിച്ച് കൊല്ലംതോറും ശ്രാദ്ധമൂട്ടാനും എനിക്ക് നിവൃത്തിയില്ല ഞാൻ സംന്യാസിയായിപ്പോയില്ലേ? മരണവേളയിൽ അമ്മയെ തൊട്ടിരുന്ന് പ്രണവം ജപിക്കാനുള്ള അവസരംപോലും ഈ ഹതഭാഗ്യന് കിട്ടിയില്ല. ഇങ്ങനെ അമ്മക്കുവേണ്ടി യാതോന്നും ചെയ്യാൻ കഴിയാത്തവനും, സമയം കഴിഞ്ഞ് വന്നവനുമായ ഈ മകനിൽ അമ്മ ദയചെയ്യണേ.

ശ്ലോകം - 4

മുക്താമണിസ്തം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്ത വത്യാസ്തവ വാചി മാതർ
ദദാമ്യഹം തണ്ടുലമേഷ ശുഷ്കം🙏

"നീയെന്റെ മുത്തല്ലേ? രത്നമല്ലോ? എന്റെ കണ്ണിന്റെ കണ്ണല്ലേ? എന്റെ പ്രിയപ്പെട്ട രാജനല്ലേ? നീ ദീർഘായുസ്സോടെ വളരെക്കാലം ജീവിച്ചിരിക്കണേ" ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടാണ് എന്റെ അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചിരുന്നത്. അപ്രകാരമെല്ലാം കൊഞ്ചിക്കളിപ്പിച്ച് വളർത്തിയെ അമ്മയുടെ വായിൽ ഈ ഉണക്കലരി മാത്രമാണല്ലോ ഇവന് - അമ്മയ്ക്കു വേണ്ടി യാതൊന്നും ചെയ്യാൻ കഴിയാത്ത അധന്യനായ ഈ മകന് വായ്ക്കിരയായി സമർപ്പിക്കാൻ കഴിഞ്ഞത്. ഞാനെത്ര അധന്യൻ !.

ശ്ലോകം - 5

അംബേതി താതേതി ശിവേതി തസ്മിന്‍
പ്രസൂതികാലേ യദവോചമുചച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദെ-
ത്യഹോ ജനന്യേ രചിതോയമഞ്ജലിഃ🙏

എന്നെ പ്രസവിക്കുന്ന സമയത്ത് സഹിക്കാൻ കഴിയാത്ത പ്രസവവേദനയെ 'അമ്മേ ! അച്ഛാ !ശിവ ! കൃഷ്ണ ! ഗോവിന്ദ ! ഹരേ ! മുകുന്ദ ! എന്നിങ്ങനെ ഭഗവാന്റെ തിരുനാമജപത്തിലൂടെയാണ് അമ്മ സഹിച്ചതെന്ന് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. പരമഭക്തയും സ്നേഹനിധിയുമായ എന്റെ അമ്മയ്ക്ക് അമ്മയുടെ മകൻ ഇതാ ഒരു കൂപ്പുകൈ സമർപ്പിക്കുന്നു. അവിടുന്നെന്നെ അനുഗ്രഹിക്കണേ.

വീടിന്റെ ശിലാസ്ഥാപനം നടത്തേണ്ടത് എങ്ങനെ ?

വീടുപണി ആരംഭിക്കുന്ന മാസം തുടങ്ങി പത്താം രാശിയിൽ ആണ് കല്ല് ഇടേണ്ടത് വീടിന്റെ  ദീർഘവിസ്താരങ്ങളെ , കിഴക്കു തുടങ്ങി പ്രദക്ഷിണമായി നാലായി വിഭജിച്ച് , ജ്യോതിഷവിധിപ്രകാരമുള്ള രാശിക്രമം കണക്കാക്കണം . കല്ലിടുന്ന സ്ഥലത്ത് ചാണകം കൂട്ടിമെഴുകി ശു ദ്ധിയാക്കി സ്വസ്തിക പത്മമിട്ട് അക്ഷതം വിതറി കുറുമ്പുല്ലിട്ട് വയ്ക്കുക . ആദ്യമായി വിളക്കത്ത് ഗണപതിക്ക് നിവേദിക്കുക . അനന്തരം പീഠം പൂജിച്ച് പത്മത്തിലേയ്ക്ക് അനന്തനെ ആവാഹിക്കുക . അതിനുശേഷം സ്ഥാപിക്കുവാനുള്ള ശില പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി അനന്തന്റെ ശിരസ്സിൽ എന്ന് സങ്കൽപ്പിച്ച് വയ്ക്കുക . അനന്തരം ശിലയിൽ ഇളനീർ ആടി ഭൂമീ ദേവിയെ ആവാഹിച്ച് പൂജിക്കുക . അവസാനം ഗണപതി വിടർത്തുക . തറ കരിങ്കല്ലിലാണ് പടുക്കുന്നതെങ്കിൽ , ആദ്യം സ്ഥാപിക്കുന്ന ശിലയ്ക്കും കരിങ്കല്ലുതന്നെ വേണം . 
ഗൃഹനാഥൻ , ഗൃഹനാഥ , കാരണവന്മാർ , ആചാര്യന്മാർ , പുരോഹിതന്മാർ , മഹത് വ്യക്തികൾ മുതലായവർക്കെല്ലാം ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കാം .

ശ്രാദ്ധം പൂർണ്ണമാകാൻ

ശ്രാദ്ധം പൂർണ്ണമാകാൻ
------------------------------------

ഒരു ഗൃഹസ്ഥന് ഈ പ്രപഞ്ചത്തിലെ ബാദ്ധ്യതകളിൽ വച്ച് ഏറ്റവും മുഖ്യ മായത് പിതൃകർമ്മമാണ് . പിതൃകർമ്മം ഏററവും ശ്രദ്ധയോടെ ചെയ്യുന്നതിനാണ്  ശ്രാദ്ധം എന്ന് പറയുന്നത് . വംശവൃദ്ധിക്കും സമ്പത്തിനും പിതൃപ്രീതി അത്യന്താ പേക്ഷിതമാണ് എന്ന് ജേഹാതാരം ശ്രാദ്ധകൽപ്പ വചനങ്ങൾ ഉത്ഘോഷിക്കുന്നു . ശാദ്ധകർമ്മം 2 വിധമാണ് . ആമശ്രാദ്ധം , ഹിരണ്യശ്രാദ്ധം . ഉണക്കലരിയും എളും നനച്ചു ബലിയിടുന്നത് ആമശ്രാദ്ധം , സങ്കൽപ്പപൂർവ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യശ്രാദ്ധം , അമാവാസികളിലാണ് സാധാരണയായി പിതൃ കർമ്മം ചെയ്യുന്നത് . കന്നി , കുംഭം ഈ മാസങ്ങളിലെ കറുത്ത ഷഷ്ഠി മുതൽ അമാവാസി വരെയുള്ള ദിവസങ്ങൾക്ക് “ മഹാളായ " കാലമെന്ന് പറയുന്നു . ഈ കാലം പിതൃക്കളുടെ ഉത്സവക്കാലമാണ് . മഹാളായ കാലത്തിൽ സപ്തമി , അഷ്ടമി , നവമി ഈ കാലത്തിന് അഷ്ടകാലമെന്നും പറയുന്നു . ഇടവം രാശി പിതൃക്കളുടെ അഷ്ടമരാശിക്കുറായി കണക്കാക്കുന്നതുകൊണ്ട് ഈ സമയത്ത് ശ്രാദ്ധാദികർമങ്ങൾ ചെയ്യുന്നത് ഉചിതമല്ല . തിഥി , നക്ഷത്രങ്ങൾ എന്നിവ സങ്കൽപ്പിച്ച് നടത്തുന്ന ശ്രാദ്ധങ്ങൾക്ക് , തിഥിയും നക്ഷത്രവും അസ്തമനത്തിന് 6 നാഴികയെങ്കിലും വേണം . ഒരു മാസത്തിൽ ഇവ രണ്ടും രണ്ടുതവണ വന്നാൽ ആദ്യത്തേതാണ് സ്വീകരിക്കേണ്ടത് .

Prof PS സുബിൻ ജോൽസ്യർ

എത്ര തിരിയിട്ടാണ് നിലവിളക്ക് കത്തിക്കേണ്ടത് ?

രണ്ട് തിരിയിട്ട് കത്തിച്ചാൽ ( കിഴക്കോട്ടും പടി ഞ്ഞാറോട്ടും ഉത്തമം ) നന്നെന്നും , തിരി അഞ്ചായാൽ വളരെ നല്ലതാണെന്നുമാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത് , ഒററത്തിരി രോഗത്തിന്റെ ലക്ഷണമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത് , മൂന്നു തിരിയിട്ട് നിലവിളക്ക് കത്തിച്ചാൽ അത് ആലസ്യത്തിന്റെ ലക്ഷണമാണെന്നും നാലു തിരിയാകട്ടെ ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്ന്നുമാണ് അറിവുള്ളവർ പഠിപ്പിക്കുന്നത് . നിലവിളക്കു കത്തിക്കു മ്പോൾ രണ്ടു തിരിയോ അഞ്ചുതിരിയോ ഇടണമെന്നു പറയുന്നതിന് ശാസ്ത്രീയ വശമുണ്ട് . ഒററത്തിരി മാത്രം ഇട്ട് ക പ്രതികൂല ഊർജ്ജമാണ് പ്രസരിക്കുന്നത് . രണ്ടു തിരിയിട്ട വിളക്കിൽ നിന്നും ദൃശ്യമാകുന്നത് അനുകൂല ഊർജ്ജവും മൂന്നും നാലും ദീപനാളങ്ങളുള്ള വിളക്കിൽ നിന്നും പ്രതികൂലോർജ്ജങ്ങൾ ഉണ്ടാകുമ്പോൾ അഞ്ചു തിരിയിട്ട വിളക്കിൽ ദൃശ്യമാകുന്നത് അനുകൂല ഊർജ്ജമാണ്. 

വീടിന് ചുറ്റുമതിൽ അനിവാര്യമാണോ ?

ഭൂമിയുടെ വാസ്തുശാസ്ത്രപരമായ ദോഷങ്ങൾ ഭവനത്തെ ബാധിക്കാതിക്കാൻ ചുറ്റുമതിൽ ആവശ്യമാണ് . ഇതിന്റെ നിർമ്മാണം വാസ്തുശാസ്ത്ര വിധി പ്രകാരം ആയിരിക്കുകയും വേണം . എങ്കിൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളു . കെട്ടിടത്തിന്റെ യാതൊരു ഭാഗവും ചുറ്റുമതിൽ സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . അതുപോലെ തന്നെ അയൽ വീടുകളുടെ ഭാഗങ്ങളും നിങ്ങളുടെ വീടിന്റെ ചുറ്റുമതിലിൽ സ്പർശിക്കരുത് . വീടിന്റെ ഏതെങ്കിലും ഭാഗം ചുറ്റുമതിലിന്റെ ഭാഗമായിട്ടാണ് നിർമ്മിച്ചിരിക്കുന്നതെങ്കിൽ ആ ഭാഗത്ത് ചുറ്റുമതിൽ ഇല്ലാത്ത വിധത്തിലുള്ള ഫലങ്ങളായിരിക്കും ഉണ്ടാകുന്നത് . അതുകൊണ്ട് ചുറ്റുമതിൽ വീട്ടിൽ നിന്ന് വേറിട്ട് നിൽക്കണം. 

ഗൃഹത്തിന് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യ ങ്ങൾ എന്തെല്ലാം ?

ഗൃഹത്തിൽ ജീവിക്കുന്ന വ്യക്തികൾക്കും ഗൃഹത്തിന്റെ നാമത്തിനും തമ്മിൽ സവിശേഷമായ ഒരു ബന്ധമുണ്ട് . ഗൃഹനാഥന്റെയോ ഗൃഹത്തിന്റെയോ നക്ഷത്രവുമായോ രാശിയുമായോ പൊരുത്തമുള്ള അക്ഷരങ്ങളിൽ ആരംഭിക്കുന്ന ഗൃഹനാമങ്ങൾ ഉത്തമ മായിരിക്കും . ഒരു വാസ്തു വിദ്യാവിദഗ്ദ്ധന്റെ സഹായത്തോടെ ഗൃഹനക്ഷത്രം കണ്ട് ആ നക്ഷത്രത്തിന് യോജിച്ച് വീട്ടുപേര് തെരഞ്ഞെടുക്കാവുന്നതാണ് . ഗൃഹന ക്ഷത്രത്തിന്റെയും ഗൃഹനാഥന്റെ നക്ഷത്രത്തിന്റെയും അഷ്ടമരാശി , ആറാംരാശി , പന്ത്രണ്ടാംരാശി എന്നിവയിൽപ്പെടുന്ന നക്ഷത്രങ്ങളുടെ നാമാക്ഷരങ്ങൾ വീട്ടു പേരിന്റെ ആദ്യാക്ഷരമായി വരാതിരിക്കുന്നതാണ് ഉത്തമം . ഗൃഹത്തിന്റെ ചുററളവിൽ നിന്നും കണക്കാക്കുന്ന നക്ഷത്രവുമായും ഗൃഹനാഥന്റെ നക്ഷത്രവുമായും പൊരുത്തമുള്ളതും ഗണ്ഡാന്ത നക്ഷത്രങ്ങളുടെ നാമാക്ഷരങ്ങൾ വരാത്തതുമായിരിക്കണം വീട്ടുപേരിന്റെ ആദ്യാക്ഷരം .

നല്ലൊരു ലേഖനം.. വളരെ അർത്ഥവത്തായത്👌👌...അവശ്യം വായിക്കേണ്ടത്

കടപ്പാട് : Anil Kadooraan ji
👇👇👇👇👇👇👇👇👇👇👇👇👇👇👇

ജാതകമെന്നതും അതു വിശകലനം ചെയ്യുന്ന ജ്യോതിഷികളും അത്ഭുതം സൃഷ്ടിക്കുന്നവരും ഒപ്പം അമാനുഷികരുമല്ല എന്നതാണ് യാഥാർഥ്യം !!

കാലത്തു 10 മണിക്കൊരു ഉദ്യോഗസംബന്ധി ആയ അഭിമുഖം ഉണ്ടെങ്കിൽ 9 മണിക്കെങ്കിലും ആ സ്ഥലത്തു എത്തുവാനുള്ള മനസ്സുണ്ടാവണം.. ആ മനസ്സുണ്ടെങ്കിൽ മാത്രമേ അയാളെ ദൈവവും വിധിയും കൂടെ നിന്നു അനുഗ്രഹിക്കൂ എന്നതും അറിയണം.. 

9 മണിക്കെങ്കിലും എത്തുമെന്നു ഉറപ്പിൽ വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ ആവും അപ്രതീക്ഷിതമായി മിന്നൽ ബസ് സമരം വരിക.. ഓടിയും നടന്നും കിതച്ചും ലക്ഷ്യസ്ഥാനത്തേക്കു പായുമ്പോൾ ആവും അവിടെ ഒരു ഇരുചക്ര വാഹനക്കാരൻ വരികയും അപ്രതീക്ഷിതമായി ലിഫ്റ്റ് നൽകി ലക്ഷ്യസ്ഥാനത്തു എത്തിക്കുകയും ചെയ്യുന്നത്... !!... അവിടെ ആണ് താൻ പാതി ദൈവം പാതി എന്നത് പ്രവർത്തിക്കുന്നത്.. !!

തനിക്കു നല്ലതും ഉന്നതിയും വരണമെന്ന് സ്വകാര്യമായെങ്കിലും ആഗ്രഹിക്കുന്നവർ സ്വന്തം ഗ്രഹനിലയിൽ അതിനുള്ള ഭാഗ്യമുണ്ടോന്നു അന്വേഷിച്ചു പോവുന്നതിനു മുൻപ് താൻ അതിനു യോഗ്യനാണോ എന്നു സ്വയം ചിന്തിച്ചു നോക്കണം...സ്വന്തം വീട്ടിൽ ഒരാൾ പോലും സർക്കാരുദ്യോഗത്തിൽ ഇല്ലാത്തവൻ പിഎസ് സി പരീക്ഷ എഴുതാതെ സർക്കാർ ജോലി കിട്ടുമെന്ന് വ്യാമോഹിക്കരുത്.. പാസ്പ്പോർട് ഇല്ലാത്തവൻ ഗൾഫിലേക്ക് വിസ അന്വേഷിച്ചു പോവരുത്.. !!

ഓരോരോ കാലത്തേക്കും നിങ്ങളുടെ ജീവിതം ശുഭമാണോ അശുഭമാണോ വിഷമതകൾ നിറഞ്ഞതാണോ എന്നതു നിങ്ങളുടെ തലക്കുറിയിലൂടെ അറിയാൻ ആവും.. നല്ലൊരു ജ്യോതിഷിയുടെ കൈയിൽ ആണ് നിങ്ങളുടെ ജാതകമെഴുതിയ കടലാസ് കിട്ടിയത് എങ്കിൽ കൃത്യമായും അവരത് നേരിൽ കാണുന്നത് പോലെ പറഞ്ഞിരിക്കും.. ഒരിക്കൽ ഒരു ജ്യോതിഷിയുടെ അടുത്തൊരു കുടുംബം വന്നിട്ടു തങ്ങളുടെ മകന്റെ വിവാഹം കഴിഞ്ഞു 3 വർഷം ആയെന്നും മുത്തശ്ശനും മുത്തശ്ശിയും ആവാൻ കാത്തിരിക്കുന്ന തങ്ങൾക്കു നിരാശ ആണെന്നും പറഞ്ഞവർ ജാതകമെഴുതിയ തുണ്ട് കടലാസ് സ്വാതികനായ ആ ജ്യോതിഷിയുടെ കൈയിൽ നൽകുകയും.... ഇതിൽ ഒരാളുടെ ജാതകമേ ഉള്ളൂലോ മറ്റേ ജാതകം എവിടെ എന്നു അന്വേഷിച്ചപ്പോൾ തന്ന പേപ്പറിന്റെ മറുപുറം നോക്കൂ എന്നു വന്നവർ പറഞ്ഞു.. !! ഉടൻ ജ്യോതിഷി പറഞ്ഞു.. അവരിങ്ങനെ തിരിഞ്ഞും മറിഞ്ഞും ജീവിച്ചാൽ എങ്ങനെ കുട്ടികൾ ഉണ്ടാവും എന്നു... സംഭവം പിന്നീട് അന്വേഷിച്ചു വന്നപ്പോൾ ഭാര്യക്ക് നൈറ്റ് ഡ്യൂട്ടിയും ഭർത്താവിന് പകലും ജോലിക്ക് പോവണം.. അവർക്കൊരുമിച്ചു സന്തോഷം ആയി ജീവിക്കാൻ ആയിരുന്നില്ല ആ കാലയളവിൽ.. !!

പറഞ്ഞുവന്നത് എന്താണെന്ന് ചോദിച്ചാൽ നേരിട്ടു ഒരു ജ്യോതിഷിയോടു ചോദിക്കുന്ന പോലെ ആവില്ല ഓൺലൈൻ ചോദ്യങ്ങൾ... രാജയോഗം എന്നത് രാജാവിന് രാജ്യം ലാഭം കിട്ടുമ്പോൾ മുക്കുവനു അന്നുവരെ കിട്ടിയതിൽ വെച്ചും ഏറ്റവും മുഴുത്ത മീനിനെയും യാചകനു നല്ല ഭക്ഷണവും അധികം മുഷിയാത്ത വസ്ത്രങ്ങളും കച്ചവടക്കാരന് കച്ചവടത്തിൽ മുമ്പുള്ളതിനേക്കാൾ ലാഭവും ലഭിക്കും.. !!
ജാതകം കാല സൂചനകൾ ആണു... ഇതൊക്കെ ആണു ഇന്നയിന്ന കാലങ്ങളിൽ സംഭവിക്കുക എന്നതു തിരിച്ചറിയാൻ ഉള്ള സൂചനകൾ.. അതെങ്ങനെ സ്വീകരിക്കണം എന്നത് നിങ്ങളുടെ തീരുമാനം ആണു.. .. കണ്ടകശ്ശനി നാലിൽ നിൽക്കുന്ന ഒരുത്തൻ ബൈക്കിൽ 120 കിലോമീറ്റർ സ്പീഡിൽ പോയാൽ അവന്റെ വാഹനത്തിനു ഉണ്ടാവുന്ന ആഘാതം വലുതാവും... അതേ സമയം അവൻ ഒരു 30- 50 കിലോമീറ്റർ സ്പീഡിലും ഹെൽമെറ്റും ഒക്കെ ധരിച്ചു ആയിരുന്നു യാത്ര എങ്കിൽ ആഘാതം കുറയും... ആ വിധി തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്... അല്ലാതെ ജ്യോതിഷ ഗ്രൂപ്പുകളോ ജ്യോതിഷികളോ അല്ല...

Saturday, May 9, 2020

മാതൃ പഞ്ചകം - അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം,

"ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".

എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.

"*എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".

അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.

മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.

അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.

അതാണ് '*മാതൃപഞ്ചകം*' .

ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;

"നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".

''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?

ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ
ആ ദിവസവങ്ങൾ.

ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.

അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.

"*ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്*".

'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.

"അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ.....

"അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.

സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!

"നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ,എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.

ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.

പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '

എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.

അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.

എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.

കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.

വിശ്വ ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .

നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.

എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക.

ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.

അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില........

#ഭാരതീയചിന്തകൾ