Friday, April 3, 2026

ധർമ്മദൈവ ദോഷം

ധർമ്മദൈവ ദോഷം  
--------------------------------
എല്ലാ സഹോദരീ സഹോദരന്മാർക്കും ഗുരു പിതൃജനങ്ങൾക്കും പ്രണാമം.

പൂർവീകരായി ആരാധിച്ചുവരുന്നതോ കുടുംബത്തിൽ പൂജിച്ചുവരുന്നതോ ആയ ദേവതകളുടെ ദോഷത്താൽ കുടുംബത്തിൽ ഐശ്വര്യക്കേടും അനിഷ്ടങ്ങളും ഉണ്ടാകുന്നതാണ്. തലമുറകളായി ആരാധിച്ചുവരുന്ന ഈ ദേവതകളെ ആധുനിക തലമുറ അവഗണിക്കുമ്പോഴാണ് ധർമ്മദൈവങ്ങളുടെ കോപമുണ്ടാകുന്നത്. നമ്മിൽ പലരും ധർമ്മദൈവങ്ങളെ അവഗണിച്ചു പ്രാധാന്യം മറ്റു അന്യദേവതകൾക്കു കൊടുക്കാറുണ്ട്. അതിനായി ആളുകൾ നിസാരക്കാരെയല്ല ആശ്രയിക്കുന്നത് "ഗുരുവായൂരപ്പൻ", "കൊടുങ്ങലൂർഅമ്മ ", "കരിക്കകം ചാമുണ്ടേശ്വരി",    "ആറ്റുകാൽഅമ്മ" എന്നിങ്ങനെഉള്ള അതീവചൈതന്യമുള്ള ദേവീദേവന്മാരെ ആണ്. പക്ഷെ ഒരു കാര്യം നാം മനസിലാക്കേണ്ടത് ധർമദൈവപ്രീതി വരുത്താതെ അന്യ ദേവീദേവൻമാർ പ്രസാദിക്കുകയില്ല എന്നത് തന്നെയാണ്. സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്ഥാനം തന്നെ ആണ് ധർമ്മദൈവങ്ങൾക്കും എന്ന കാര്യം ഇനിയും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ധർമദൈവങ്ങളെ പ്രീതിപ്പെടുത്തിയാൽ മാത്രമേ മറ്റ് ദേവതകൾ പ്രസാദിക്കൂ  എന്ന കാര്യം നാം മറക്കരുത്. പലരും ധർമദേവതക്ക് എന്ന് അതിഥിവേഷവും അന്യ ദേവതക്ക് മുഖ്യവേഷവും കൊടുക്കുന്നത് പിന്നീട ധർമദേവതകളുടെ അപ്രീതിക്ക് കാരണമാകുന്നു. ഉദാഹരണമായി നമുക്ക് എന്തെകിലും കാര്യസാധ്യത്തിനു വേണ്ടി മുഖ്യമന്ത്രിയെ കാണണം എന്നിരിക്കട്ടെ, അതിനായി താഴെത്തട്ടിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അല്ലെങ്കിൽ രാഷ്ട്രീയക്കാരോ തരുന്ന ശുപാർശ കത്തോ സാക്ഷ്യപത്രമോ ഉണ്ടെകിൽ മാത്രമേ നമ്മുടെ അപേക്ഷ സാധാരണയായി പരിഗണിക്കാറുള്ളു.അപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അല്ലെങ്കിൽ രാഷ്ട്രീയക്കാരോ എവിടെ നിർണായകമായ പങ്കുവഹിക്കുന്ന പോലെ തന്നെയാണ് ധർമദേവതകളുടെ സ്ഥാനവും. ഇതിൽനിന്നും അന്യദേവതകളുടെ നിസ്സഹായാവസ്തയും വ്യക്തമാണ്. മാത്രമല്ല മറ്റു ദേവതകളെ  കൊണ്ടുള്ള കാര്യസിദ്ധിക്കായി ആദ്യം ധർമ്മദൈവങ്ങൾക്ക് വഴിപാട് നിശ്ചയിക്കുന്നതിന്റെ ഔചിത്യവും ഇതിൽ നിന്ന് വ്യക്തമാണ്. അതായത് കാര്യാ നിവർത്തിക്കായി ആദ്യം ധർമദേവതാപ്രീതി നടത്തിയതിനുശേഷം ഇഷ്ടദേവതാദർശനമോ വഴിപാടൊ നടത്തിയാൽ ഫലം ഇരട്ടിയാണ്.

ധർമ്മദൈവങ്ങളുടെ ആവിർഭാവം 
--------------------------------------------------------
ആർക്കുംതന്നെ ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലാതിരുന്നകാലം, പൂർവീകർ അവരവരുടെ കുടുബപ്രദേശത്തോ, കുടുംബത്തിലോ, അവർക്കിഷ്ടമുള്ള മൂർത്തിസ്വരൂപങ്ങളെ വച്ച് ആരാധിച്ചു പ്രതിഷ്ഠിച്ചുപോന്നിരുന്നു. ദേവതകൾക്കു അന്ന് ലഭ്യമായ ദ്രവ്യങ്ങൾ വച്ച് അർഘ്യ-നിവേദ്യാദികളും നടത്തി കുടുംബത്തിലെ മൂത്തകാരണവരുടെ കാർമ്മികത്വത്തിൽ പൂജകൾ നടന്നിരുന്നു. പിന്നീട ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞു നമുക്കെല്ലാം ഏത് ക്ഷേത്രത്തിലും കയറാം എന്നായപ്പോൾ ധർമദേവതകൾ തീരാബാധ്യതയായി മാറി.  പക്ഷെ ചിലർ എന്നും പഴയതു നിലനിർത്തി ആചരിച്ചുപോരുന്നുമുണ്ട്, അങ്ങിനെയുള്ള തറവാട്ടമ്പലങ്ങളെല്ലാം പിൽക്കാലത്തു പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളായി മാറിയതും ചരിത്രസത്യം തന്നെ. എന്നാൽ മറ്റുചിലരാകട്ടെ കുടുംബട്രസ്റ്റ് രൂപീകരിച് നാട്ടുകാരുടേയും സഹകരണത്തോടെ നല്ലരീതിയിൽ നടത്തിവരുന്നുമുണ്ട്. പക്ഷെ ചില കുടുംബങ്ങളിൽ വിട്ടുമാറാത്ത ദുരിതങ്ങൾ ഉടലെടുക്കുമ്പോൾ അഷ്ടമംഗള പ്രശ്നത്തിലൂടെ ദേവതാ ചൈതന്യം മനസിലാക്കി യഥാവിധം പരിഹാരാദികൾ ചെയ്ത് പരിപാലിച്ചു പോരുന്നതായി കാണുന്നുമുണ്ട്.

കുല-പര-ധർമ്മ-ഭര ദൈവങ്ങൾ ഒന്നാണോ ?
-----------------------------------------------------------------------
അതെ, പരദേവത എന്നാൽ കുടുംബദേവത, ഭരദേവത എന്നാൽ ഭരിക്കുന്ന ദേവത,കുലദേവതയെന്നാൽ കുല ത്തെസംരക്ഷിക്കുന്ന ദേവത, ധർമദേവത എന്നാൽ കുലധർമ്മത്തെ ഭരിച്ചു സംരക്ഷിക്കുന്ന ദേവത ഈവിധം എല്ലാ ദേവതകളും ഒരേ അർത്ഥത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നതെന്ന്  നമുക് മനസിലാക്കാം.

ധർമ്മദൈവം കോപിക്കുമോ?
----------------------------------------------
ഇല്ല , പക്ഷെ അനാഥമായ ആദേവതാചൈതന്യത്തിന്റെ തുല്യ അവസ്ഥ ആ കുടുംബത്തിലുള്ളവർക്കും  ഉണ്ടാകുന്നു. ഇതിനു കാരണം ദേവതയുടെ മുൻപിൽ പ്രതിഷ്ടാവസരത്തിൽ പൂർവീകർ നടത്തിയ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടതാണ്. ഇതാണ് ആ പ്രതിജ്ഞ "ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ളകാലം ഈ ദേവതയെ വഴിപോലെ സേവിക്കുകയും ഭജിക്കുകയും ചെയ്യാം".  അതിനാൽ ആ ദേവതയുടെ അനുഗ്രഹത്താൽ ആ കുടുംബത്തിൽ നല്ല ബുദ്ധിമാന്മാരായ കുട്ടികൾ ജനിച്ചു. സമ്പത്തു വർദ്ധിച്ചു. പ്രാദേശികമായി ശ്രെഷ്ഠതയും കുലീനതയുംകിട്ടി. എന്നാൽ കഷ്ടപ്പാട് എന്തെന്നറിയാതെ പിന്നീടുള്ള തലമുറക്ക് ഈ ധർമ്മ ദൈവങ്ങൾ ഒരു അധികപ്പറ്റായി, അവർ അതിനെ സൗകര്യപൂർവം വിസ്മരിച്ചു.പക്ഷെ സ്വന്തം മക്കളോട് അച്ഛന്മാമാർ ദേഷ്യപ്പെട്ടാൽ അത് എത്ര നേരം നിലനിൽക്കുമെന്ന് നമുക്കറിയാമല്ലോ? ആ അമ്മഭാവത്തെ നാം ഇനിയും മനസിലാക്കണം. ഇവിടെ സ്നേഹം ആണ് നമുക്ക് ക്ഷേത്രേശനോട് തോന്നേണ്ടത്. ദേവൻ ആണെങ്കിൽ പിതൃഭാവവും ദേവിയാണെങ്കിൽ മാതൃഭാവവും നാം വളർത്തണം.അതുപോലെ ആ തിരുഃ മണ്ണിൽ കാലുകുത്തി തൃപ്പടിയിൽ ഒരുവിളക്കുകൊളുത്തിയാൽ തീരാവുന്ന പിണക്കം മാത്രമേ ധർമദൈവങ്ങൾക്കുണ്ടാകൂ. ഇതിനു വേണ്ടിയുള്ള ധര്മദേവതാപ്രീതികരങ്ങളായുള്ള പ്രായശ്ചിത്തങ്ങൾക് ഒരു ജ്യോതിഷിയെ സമീപിച്ചാൽ അറിയാൻ സാധിക്കുന്നതാണ്

എങ്ങിനെ ആചരിക്കേണം?
------------------------------------------
"എന്തു ചെയ്തു പണ്ടുള്ളോരെന്നറിഞ്ഞതു ചെയ്യണം 
 ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ"
അതായത് കൗളാചാരമോ, സമയാചാരമോ ഏതാണോ പൂർവീകർ ആചരിച്ചിരുന്നത് എന്നവിധം അറിഞ്ഞു അതേവിധം ആചരിക്കുകയാണ് വേണ്ടത്.പക്ഷെ ചില ആചാരങ്ങൾ ഇന്ന് ആചരിക്കാൻ പ്രയാസമുള്ളതുമൂലം  ഉത്തമനായ ഒരു ജ്യോത്സ്യനെ സമീപിച്ചു വിധിപ്രകാരം  ദേവപ്രശ്നം എടുത്ത് ദൈവഹിതം അറിഞ്ഞു പ്രവർത്തിക്കേണം.

മാതൃ-പിതൃ വഴിയാണോ ആരാധിക്കേണ്ടത് ?
-----------------------------------------------------------------------
രണ്ടുവഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്നു പറയുവാൻ കഴിയും. പരദേവതയാരെന്നു കണ്ടെത്താൻ ഒരു ഉത്തമനായ ജ്യോതിഷിക്കു കഴിയും. പ്രശ്നത്തിൽ നാല്, അഞ്ചു് എന്നീഭാവങ്ങളെ കൊണ്ടാണ് ധർമ്മദൈവങ്ങളെ  ചിന്തിക്കുന്നത്. മേൽ പറഞ്ഞ ഭാവങ്ങളും, അതുമായി ബന്ധപ്പെടുന്ന ഗ്രഹങ്ങളും,അവയുടെ ബലാബലങ്ങളും അനുസരിച്ചു വരുന്ന മൂർത്തികളായിരിക്കും അവരവരുടെ ധർമ്മദൈവങ്ങൾ. ധർമദേവതകളുടെ ദ്രേക്കാണ ചിന്തനം പ്രശ്‌നമാര്ഗം 15 ആം അധ്യായത്തിൽ 4 ആം ശ്ലോകം മുതൽ 7 ആം ശ്ലോകം വരെ വ്യക്തമായി പറയുന്നുണ്ട്.

ധർമദേവതയാരെന്ന്അറിയില്ലെങ്കിൽ ?
------------------------------------------------------------
സകല ദേവതാസ്വരൂപിണിയായിരിക്കുന്ന ജഗദംബികയായ             ആദി പരാശക്തിയെ പൂജിക്കാവുന്നതാണ്. 

ഇങ്ങനെ എവിടെ ധർമദേവതാ സങ്കൽപം ഈ എളിയവനു കഴിയുംവിധം വ്യക്തമാക്കിയിട്ടുണ്ട്.ഇത് ഇതിനെക്കുറിച്ചു അറിയാത്തവർക്കു വേണ്ടി എഴുതിയിട്ടുള്ളതാണ്. ആയത് നിങ്ങളുടെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചുകൊണ്ട് നിര്ത്തുന്നു 

എപ്പോഴും അദൃശ്യശക്തിയായി എനിക്കനുഭവപ്പെടുന്ന എന്റെ  സ്വാമിക്ക് അനന്തകോടി പ്രണാമങ്ങൾ!!!

സ്നേഹപൂർവ്വം,

പ്രൊഫ: സുബിൻ സുലളിതൻ 
കരിയർ കൗൺസിലർ,വിസിറ്റിംഗ് പ്രൊഫസർ - ഇൻഫർമേഷൻ ടെക്നോളജി 
അസ്‌ട്രോളജർ - ശ്രീപൂർണത്രയീശ ജ്യോതിഷ വിചാരകേന്ദ്രം ഉദയംപേരൂർ 
                         ***

Friday, May 29, 2020

ശുക്രദശ

ശുക്രദശ
=======

ഒരാളുടെ ജാതകത്തിൽ ശുക്രൻ അനിഷ്ടസ്ഥാനആധിപത്യം വഹിച്ചു നിന്നാൽ ആ ശുക്രദശാകാലം ഗുണഫലത്തെ നൽകില്ല. ഉദാഹരണമായി ഒരാളുടെ ജാതകത്തിൽ ശുക്രൻ ആറ് , എട്ട് , പന്ത്രണ്ട് ഭാവങ്ങളിലോ , ഈ പറഞ്ഞ ഭാവങ്ങളുടെ ആധിപത്യമോ ഉണ്ടെങ്കിൽ ആ ദശ  അനുകൂലം ആവില്ല.  മാത്രമല്ല ജാതകത്തിൽ ശുക്രൻ സ്പുടം ചെയ്തു നിൽക്കുന്ന നക്ഷത്രത്തിന്റെ അധിപൻ അനിഷ്ട സ്ഥാനത്തു വന്നാലും ഗുണഫലം കുറവായിരിക്കും.

Sunday, May 10, 2020

മാതൃ പഞ്ചകം - സംസ്‌കൃത ശ്ലോകം

ഇന്ന് ലോക മാതൃദിനം..ശങ്കരാചാര്യരുടെ #മാതൃപഞ്ചകം ചൊല്ലി കൊണ്ടാവട്ടെ ഈ ദിനാചരണം

#മാതൃപഞ്ചകം

ശ്ലോകം - 1

ആസ്താം താവദിയം പ്രസൂതിസമയെ ദുര്‍വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
എകസ്യാപി ന ഗര്‍ഭഭാര ഭരണക്ലേശസ്യ യസ്യ ക്ഷമഃ
ദാതും നിഷ്ക്രിതിമുന്നതോപി തനയ: തസ്വൈ ജനന്യൈ നമഃ🙏

എന്നെ പ്രസവിക്കുന്ന സമയത്ത് അമ്മ സഹിച്ചതായ സഹിക്കാൻ കഴിയാത്ത ആ വേദന - അതിനെപ്പറ്റി അതുപോലെ വേദന അനുഭവിച്ച മറ്റൊരമ്മയ്ക്കല്ലാതെ; മറ്റാർക്കാണ് അറിയാൻ കഴിയുക? അതിരിക്കട്ടെ എന്നെ ഗർഭത്തിൽ ധരിച്ചിരുന്ന സമയത്ത് അമ്മ അനുഭവിച്ച പല തരം കഷ്ടപ്പാടുകൾ, ആഹാരത്തിൽ രുചിയില്ലായ്മ, ഛർദ്ദി, ശരീരംമെലിയൽ, പ്രസവശേഷം ഒരുകൊല്ലക്കാലം എന്റെ മലമൂത്രങ്ങളാൽ കൂടെകൂടെ മലിനമായിത്തീർന്നുകൊണ്ടിരുന്ന കിടക്കയിലെ കിടപ്പ്, എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത കൊണ്ട് മുറിഞ്ഞുമുറിഞ്ഞുള്ള ഉറക്കം എന്നെ വളർത്തി വലുതാക്കാൻ സഹിച്ച ക്ലേശങ്ങൾ, പലപ്പോഴും താനൊന്നുംകഴിക്കാതെ പട്ടിണികിടന്നും കുഞ്ഞായിരുന്ന എനിക്ക് ആഹാരംതന്നുപോഷിപ്പിക്കൽ - ഇങ്ങനെ എണ്ണിയെണ്ണി പറയുകയാണെങ്കിൽ അവസാനിക്കാത്തെ വിധത്തിൽ വാത്സല്യത്തിന്റെ ഉറവിടമായ അമ്മ എന്നെപോറ്റിവളർത്താൻ സഹിച്ച കഷ്ടപ്പാടുകൾ - മകൻ എത്രയൊക്കെ വലിയവനായിത്തീർന്നാലും, അമ്മ മകനുവേണ്ടി സഹിച്ച ആയിരമായിരം ത്യാഗങ്ങളിൽ ഒന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിയില്ല. ഞാനിപ്പോൾ മറ്റുള്ളവരുടെ ദൃഷ്ടിയിൽ ജഗദ്ഗുരുവാണ്. ആചാര്യവര്യനാണ്. വിശ്വപ്രസിദ്ധനാണ്. എല്ലാവരുടെയും ബഹുമാനാദരങ്ങൾക്ക് പാത്രീഭുത താണ്. അദ്വൈതബ്രഹ്മനിഷ്ഠനാണ്. ഇതെല്ലാമുണ്ടായിട്ടെന്തു കാര്യം? ഇപ്രകാരമെല്ലാമുള്ള ഞാൻ വിചാരിച്ചിട്ടുപോലും അമ്മ എനിക്കു വേണ്ടി സഹിച്ച കഷ്ടപ്പാടുകളിലൊന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞില്ലല്ലോ. അമ്മേ ! നിസ്സഹായനായ ഞാൻ അമ്മയുടെ കാല്ക്കൽ ഇതാ ഒന്നു നമസ്ക്കരിക്കുകമാത്രം ചെയ്യുന്നു.

ശ്ലോകം - 2

ഗുരുകുലമുപസ്രുത്യ സ്വപ്നകാലെ തു ദ്രുഷ്ട്വാ
യതിസമുചിതവേഷം പ്രാരുദോ മാ ത്വമുച്ചൈഃ
ഗുരുകുലമഥ സര്‍വ്വം പ്രാരുദത്തെ സമക്ഷം
സപദി ചരണയോസ്തേ മാതുരസ്തു പ്രണാമഃ🙏

ഞാൻ ഒരു പഴയസംഭവം ഓർത്തുപോവുകയാണ്. ഞാൻ ഗുരുകുലത്തിൽ വിദ്യാഭ്യാസംചെയ്തുകഴിഞ്ഞിരുന്നകാലം ഞാൻ സംന്യസിച്ചതായി അമ്മ സ്വപ്നം കണ്ടു. രാവിലെതന്നെ അമ്മ ഗുരുകുലത്തിലേക്കോടി വന്നു " നീ എന്നെ ഉപേക്ഷിച്ച് സംന്യസിച്ചുപോവുകയാണോ മകനെേ" എന്നുചോദിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ആ രംഗംകണ്ട് എന്റെ സഹപാഠികളും, ഗുരുനാഥൻപോലും കരഞ്ഞു പോയി അമ്മേ ! ആ സ്നേഹത്തിനുമുൻപിൽ, വേറെ യാതൊന്നും സമർപ്പിക്കാനില്ലാത്ത ഞാനിതാ ഒന്നു നമസ്ക്കരിക്കുകയെങ്കിലുംചെയ്യട്ടെ.

ശ്ലോകം - 3

ന ദത്തം മാതസ്തെ മരണസമയെ തോയമപി വാ
സ്വഥാ വാ നൊ ദേയാ മരണദിവസേ ശ്രദ്ധാവിധിനാ
ന ജപ്തോ മാതസ്തെ മരണസമയെ താരകമഹം 
അകാലെ സംപ്രാപ്തേ മയി കുരു ദയാം മാതസ്തൂലാം🙏

അമ്മേ! അവിടുത്തെ മരണസമയത്ത് രണ്ടുതുള്ളി ഗംഗാജലം ആ 
ചുണ്ടുകളിലുറ്റിച്ചു തരാൻ എനിക്ക് കഴിഞ്ഞില്ല മരണദിവസത്തെ തിഥിയെ ഓർമ്മിച്ച് കൊല്ലംതോറും ശ്രാദ്ധമൂട്ടാനും എനിക്ക് നിവൃത്തിയില്ല ഞാൻ സംന്യാസിയായിപ്പോയില്ലേ? മരണവേളയിൽ അമ്മയെ തൊട്ടിരുന്ന് പ്രണവം ജപിക്കാനുള്ള അവസരംപോലും ഈ ഹതഭാഗ്യന് കിട്ടിയില്ല. ഇങ്ങനെ അമ്മക്കുവേണ്ടി യാതോന്നും ചെയ്യാൻ കഴിയാത്തവനും, സമയം കഴിഞ്ഞ് വന്നവനുമായ ഈ മകനിൽ അമ്മ ദയചെയ്യണേ.

ശ്ലോകം - 4

മുക്താമണിസ്തം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്ത വത്യാസ്തവ വാചി മാതർ
ദദാമ്യഹം തണ്ടുലമേഷ ശുഷ്കം🙏

"നീയെന്റെ മുത്തല്ലേ? രത്നമല്ലോ? എന്റെ കണ്ണിന്റെ കണ്ണല്ലേ? എന്റെ പ്രിയപ്പെട്ട രാജനല്ലേ? നീ ദീർഘായുസ്സോടെ വളരെക്കാലം ജീവിച്ചിരിക്കണേ" ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടാണ് എന്റെ അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചിരുന്നത്. അപ്രകാരമെല്ലാം കൊഞ്ചിക്കളിപ്പിച്ച് വളർത്തിയെ അമ്മയുടെ വായിൽ ഈ ഉണക്കലരി മാത്രമാണല്ലോ ഇവന് - അമ്മയ്ക്കു വേണ്ടി യാതൊന്നും ചെയ്യാൻ കഴിയാത്ത അധന്യനായ ഈ മകന് വായ്ക്കിരയായി സമർപ്പിക്കാൻ കഴിഞ്ഞത്. ഞാനെത്ര അധന്യൻ !.

ശ്ലോകം - 5

അംബേതി താതേതി ശിവേതി തസ്മിന്‍
പ്രസൂതികാലേ യദവോചമുചച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദെ-
ത്യഹോ ജനന്യേ രചിതോയമഞ്ജലിഃ🙏

എന്നെ പ്രസവിക്കുന്ന സമയത്ത് സഹിക്കാൻ കഴിയാത്ത പ്രസവവേദനയെ 'അമ്മേ ! അച്ഛാ !ശിവ ! കൃഷ്ണ ! ഗോവിന്ദ ! ഹരേ ! മുകുന്ദ ! എന്നിങ്ങനെ ഭഗവാന്റെ തിരുനാമജപത്തിലൂടെയാണ് അമ്മ സഹിച്ചതെന്ന് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. പരമഭക്തയും സ്നേഹനിധിയുമായ എന്റെ അമ്മയ്ക്ക് അമ്മയുടെ മകൻ ഇതാ ഒരു കൂപ്പുകൈ സമർപ്പിക്കുന്നു. അവിടുന്നെന്നെ അനുഗ്രഹിക്കണേ.

വീടിന്റെ ശിലാസ്ഥാപനം നടത്തേണ്ടത് എങ്ങനെ ?

വീടുപണി ആരംഭിക്കുന്ന മാസം തുടങ്ങി പത്താം രാശിയിൽ ആണ് കല്ല് ഇടേണ്ടത് വീടിന്റെ  ദീർഘവിസ്താരങ്ങളെ , കിഴക്കു തുടങ്ങി പ്രദക്ഷിണമായി നാലായി വിഭജിച്ച് , ജ്യോതിഷവിധിപ്രകാരമുള്ള രാശിക്രമം കണക്കാക്കണം . കല്ലിടുന്ന സ്ഥലത്ത് ചാണകം കൂട്ടിമെഴുകി ശു ദ്ധിയാക്കി സ്വസ്തിക പത്മമിട്ട് അക്ഷതം വിതറി കുറുമ്പുല്ലിട്ട് വയ്ക്കുക . ആദ്യമായി വിളക്കത്ത് ഗണപതിക്ക് നിവേദിക്കുക . അനന്തരം പീഠം പൂജിച്ച് പത്മത്തിലേയ്ക്ക് അനന്തനെ ആവാഹിക്കുക . അതിനുശേഷം സ്ഥാപിക്കുവാനുള്ള ശില പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി അനന്തന്റെ ശിരസ്സിൽ എന്ന് സങ്കൽപ്പിച്ച് വയ്ക്കുക . അനന്തരം ശിലയിൽ ഇളനീർ ആടി ഭൂമീ ദേവിയെ ആവാഹിച്ച് പൂജിക്കുക . അവസാനം ഗണപതി വിടർത്തുക . തറ കരിങ്കല്ലിലാണ് പടുക്കുന്നതെങ്കിൽ , ആദ്യം സ്ഥാപിക്കുന്ന ശിലയ്ക്കും കരിങ്കല്ലുതന്നെ വേണം . 
ഗൃഹനാഥൻ , ഗൃഹനാഥ , കാരണവന്മാർ , ആചാര്യന്മാർ , പുരോഹിതന്മാർ , മഹത് വ്യക്തികൾ മുതലായവർക്കെല്ലാം ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കാം .

ശ്രാദ്ധം പൂർണ്ണമാകാൻ

ശ്രാദ്ധം പൂർണ്ണമാകാൻ
------------------------------------

ഒരു ഗൃഹസ്ഥന് ഈ പ്രപഞ്ചത്തിലെ ബാദ്ധ്യതകളിൽ വച്ച് ഏറ്റവും മുഖ്യ മായത് പിതൃകർമ്മമാണ് . പിതൃകർമ്മം ഏററവും ശ്രദ്ധയോടെ ചെയ്യുന്നതിനാണ്  ശ്രാദ്ധം എന്ന് പറയുന്നത് . വംശവൃദ്ധിക്കും സമ്പത്തിനും പിതൃപ്രീതി അത്യന്താ പേക്ഷിതമാണ് എന്ന് ജേഹാതാരം ശ്രാദ്ധകൽപ്പ വചനങ്ങൾ ഉത്ഘോഷിക്കുന്നു . ശാദ്ധകർമ്മം 2 വിധമാണ് . ആമശ്രാദ്ധം , ഹിരണ്യശ്രാദ്ധം . ഉണക്കലരിയും എളും നനച്ചു ബലിയിടുന്നത് ആമശ്രാദ്ധം , സങ്കൽപ്പപൂർവ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യശ്രാദ്ധം , അമാവാസികളിലാണ് സാധാരണയായി പിതൃ കർമ്മം ചെയ്യുന്നത് . കന്നി , കുംഭം ഈ മാസങ്ങളിലെ കറുത്ത ഷഷ്ഠി മുതൽ അമാവാസി വരെയുള്ള ദിവസങ്ങൾക്ക് “ മഹാളായ " കാലമെന്ന് പറയുന്നു . ഈ കാലം പിതൃക്കളുടെ ഉത്സവക്കാലമാണ് . മഹാളായ കാലത്തിൽ സപ്തമി , അഷ്ടമി , നവമി ഈ കാലത്തിന് അഷ്ടകാലമെന്നും പറയുന്നു . ഇടവം രാശി പിതൃക്കളുടെ അഷ്ടമരാശിക്കുറായി കണക്കാക്കുന്നതുകൊണ്ട് ഈ സമയത്ത് ശ്രാദ്ധാദികർമങ്ങൾ ചെയ്യുന്നത് ഉചിതമല്ല . തിഥി , നക്ഷത്രങ്ങൾ എന്നിവ സങ്കൽപ്പിച്ച് നടത്തുന്ന ശ്രാദ്ധങ്ങൾക്ക് , തിഥിയും നക്ഷത്രവും അസ്തമനത്തിന് 6 നാഴികയെങ്കിലും വേണം . ഒരു മാസത്തിൽ ഇവ രണ്ടും രണ്ടുതവണ വന്നാൽ ആദ്യത്തേതാണ് സ്വീകരിക്കേണ്ടത് .

Prof PS സുബിൻ ജോൽസ്യർ

എത്ര തിരിയിട്ടാണ് നിലവിളക്ക് കത്തിക്കേണ്ടത് ?

രണ്ട് തിരിയിട്ട് കത്തിച്ചാൽ ( കിഴക്കോട്ടും പടി ഞ്ഞാറോട്ടും ഉത്തമം ) നന്നെന്നും , തിരി അഞ്ചായാൽ വളരെ നല്ലതാണെന്നുമാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത് , ഒററത്തിരി രോഗത്തിന്റെ ലക്ഷണമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത് , മൂന്നു തിരിയിട്ട് നിലവിളക്ക് കത്തിച്ചാൽ അത് ആലസ്യത്തിന്റെ ലക്ഷണമാണെന്നും നാലു തിരിയാകട്ടെ ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്ന്നുമാണ് അറിവുള്ളവർ പഠിപ്പിക്കുന്നത് . നിലവിളക്കു കത്തിക്കു മ്പോൾ രണ്ടു തിരിയോ അഞ്ചുതിരിയോ ഇടണമെന്നു പറയുന്നതിന് ശാസ്ത്രീയ വശമുണ്ട് . ഒററത്തിരി മാത്രം ഇട്ട് ക പ്രതികൂല ഊർജ്ജമാണ് പ്രസരിക്കുന്നത് . രണ്ടു തിരിയിട്ട വിളക്കിൽ നിന്നും ദൃശ്യമാകുന്നത് അനുകൂല ഊർജ്ജവും മൂന്നും നാലും ദീപനാളങ്ങളുള്ള വിളക്കിൽ നിന്നും പ്രതികൂലോർജ്ജങ്ങൾ ഉണ്ടാകുമ്പോൾ അഞ്ചു തിരിയിട്ട വിളക്കിൽ ദൃശ്യമാകുന്നത് അനുകൂല ഊർജ്ജമാണ്.