ധർമ്മദൈവ ദോഷം
--------------------------------
എല്ലാ സഹോദരീ സഹോദരന്മാർക്കും ഗുരു പിതൃജനങ്ങൾക്കും പ്രണാമം.
പൂർവീകരായി ആരാധിച്ചുവരുന്നതോ കുടുംബത്തിൽ പൂജിച്ചുവരുന്നതോ ആയ ദേവതകളുടെ ദോഷത്താൽ കുടുംബത്തിൽ ഐശ്വര്യക്കേടും അനിഷ്ടങ്ങളും ഉണ്ടാകുന്നതാണ്. തലമുറകളായി ആരാധിച്ചുവരുന്ന ഈ ദേവതകളെ ആധുനിക തലമുറ അവഗണിക്കുമ്പോഴാണ് ധർമ്മദൈവങ്ങളുടെ കോപമുണ്ടാകുന്നത്. നമ്മിൽ പലരും ധർമ്മദൈവങ്ങളെ അവഗണിച്ചു പ്രാധാന്യം മറ്റു അന്യദേവതകൾക്കു കൊടുക്കാറുണ്ട്. അതിനായി ആളുകൾ നിസാരക്കാരെയല്ല ആശ്രയിക്കുന്നത് "ഗുരുവായൂരപ്പൻ", "കൊടുങ്ങലൂർഅമ്മ ", "കരിക്കകം ചാമുണ്ടേശ്വരി", "ആറ്റുകാൽഅമ്മ" എന്നിങ്ങനെഉള്ള അതീവചൈതന്യമുള്ള ദേവീദേവന്മാരെ ആണ്. പക്ഷെ ഒരു കാര്യം നാം മനസിലാക്കേണ്ടത് ധർമദൈവപ്രീതി വരുത്താതെ അന്യ ദേവീദേവൻമാർ പ്രസാദിക്കുകയില്ല എന്നത് തന്നെയാണ്. സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്ഥാനം തന്നെ ആണ് ധർമ്മദൈവങ്ങൾക്കും എന്ന കാര്യം ഇനിയും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ധർമദൈവങ്ങളെ പ്രീതിപ്പെടുത്തിയാൽ മാത്രമേ മറ്റ് ദേവതകൾ പ്രസാദിക്കൂ എന്ന കാര്യം നാം മറക്കരുത്. പലരും ധർമദേവതക്ക് എന്ന് അതിഥിവേഷവും അന്യ ദേവതക്ക് മുഖ്യവേഷവും കൊടുക്കുന്നത് പിന്നീട ധർമദേവതകളുടെ അപ്രീതിക്ക് കാരണമാകുന്നു. ഉദാഹരണമായി നമുക്ക് എന്തെകിലും കാര്യസാധ്യത്തിനു വേണ്ടി മുഖ്യമന്ത്രിയെ കാണണം എന്നിരിക്കട്ടെ, അതിനായി താഴെത്തട്ടിലുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അല്ലെങ്കിൽ രാഷ്ട്രീയക്കാരോ തരുന്ന ശുപാർശ കത്തോ സാക്ഷ്യപത്രമോ ഉണ്ടെകിൽ മാത്രമേ നമ്മുടെ അപേക്ഷ സാധാരണയായി പരിഗണിക്കാറുള്ളു.അപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അല്ലെങ്കിൽ രാഷ്ട്രീയക്കാരോ എവിടെ നിർണായകമായ പങ്കുവഹിക്കുന്ന പോലെ തന്നെയാണ് ധർമദേവതകളുടെ സ്ഥാനവും. ഇതിൽനിന്നും അന്യദേവതകളുടെ നിസ്സഹായാവസ്തയും വ്യക്തമാണ്. മാത്രമല്ല മറ്റു ദേവതകളെ കൊണ്ടുള്ള കാര്യസിദ്ധിക്കായി ആദ്യം ധർമ്മദൈവങ്ങൾക്ക് വഴിപാട് നിശ്ചയിക്കുന്നതിന്റെ ഔചിത്യവും ഇതിൽ നിന്ന് വ്യക്തമാണ്. അതായത് കാര്യാ നിവർത്തിക്കായി ആദ്യം ധർമദേവതാപ്രീതി നടത്തിയതിനുശേഷം ഇഷ്ടദേവതാദർശനമോ വഴിപാടൊ നടത്തിയാൽ ഫലം ഇരട്ടിയാണ്.
ധർമ്മദൈവങ്ങളുടെ ആവിർഭാവം
--------------------------------------------------------
ആർക്കുംതന്നെ ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലാതിരുന്നകാലം, പൂർവീകർ അവരവരുടെ കുടുബപ്രദേശത്തോ, കുടുംബത്തിലോ, അവർക്കിഷ്ടമുള്ള മൂർത്തിസ്വരൂപങ്ങളെ വച്ച് ആരാധിച്ചു പ്രതിഷ്ഠിച്ചുപോന്നിരുന്നു. ദേവതകൾക്കു അന്ന് ലഭ്യമായ ദ്രവ്യങ്ങൾ വച്ച് അർഘ്യ-നിവേദ്യാദികളും നടത്തി കുടുംബത്തിലെ മൂത്തകാരണവരുടെ കാർമ്മികത്വത്തിൽ പൂജകൾ നടന്നിരുന്നു. പിന്നീട ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞു നമുക്കെല്ലാം ഏത് ക്ഷേത്രത്തിലും കയറാം എന്നായപ്പോൾ ധർമദേവതകൾ തീരാബാധ്യതയായി മാറി. പക്ഷെ ചിലർ എന്നും പഴയതു നിലനിർത്തി ആചരിച്ചുപോരുന്നുമുണ്ട്, അങ്ങിനെയുള്ള തറവാട്ടമ്പലങ്ങളെല്ലാം പിൽക്കാലത്തു പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളായി മാറിയതും ചരിത്രസത്യം തന്നെ. എന്നാൽ മറ്റുചിലരാകട്ടെ കുടുംബട്രസ്റ്റ് രൂപീകരിച് നാട്ടുകാരുടേയും സഹകരണത്തോടെ നല്ലരീതിയിൽ നടത്തിവരുന്നുമുണ്ട്. പക്ഷെ ചില കുടുംബങ്ങളിൽ വിട്ടുമാറാത്ത ദുരിതങ്ങൾ ഉടലെടുക്കുമ്പോൾ അഷ്ടമംഗള പ്രശ്നത്തിലൂടെ ദേവതാ ചൈതന്യം മനസിലാക്കി യഥാവിധം പരിഹാരാദികൾ ചെയ്ത് പരിപാലിച്ചു പോരുന്നതായി കാണുന്നുമുണ്ട്.
കുല-പര-ധർമ്മ-ഭര ദൈവങ്ങൾ ഒന്നാണോ ?
-----------------------------------------------------------------------
അതെ, പരദേവത എന്നാൽ കുടുംബദേവത, ഭരദേവത എന്നാൽ ഭരിക്കുന്ന ദേവത,കുലദേവതയെന്നാൽ കുല ത്തെസംരക്ഷിക്കുന്ന ദേവത, ധർമദേവത എന്നാൽ കുലധർമ്മത്തെ ഭരിച്ചു സംരക്ഷിക്കുന്ന ദേവത ഈവിധം എല്ലാ ദേവതകളും ഒരേ അർത്ഥത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നതെന്ന് നമുക് മനസിലാക്കാം.
ധർമ്മദൈവം കോപിക്കുമോ?
----------------------------------------------
ഇല്ല , പക്ഷെ അനാഥമായ ആദേവതാചൈതന്യത്തിന്റെ തുല്യ അവസ്ഥ ആ കുടുംബത്തിലുള്ളവർക്കും ഉണ്ടാകുന്നു. ഇതിനു കാരണം ദേവതയുടെ മുൻപിൽ പ്രതിഷ്ടാവസരത്തിൽ പൂർവീകർ നടത്തിയ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടതാണ്. ഇതാണ് ആ പ്രതിജ്ഞ "ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ളകാലം ഈ ദേവതയെ വഴിപോലെ സേവിക്കുകയും ഭജിക്കുകയും ചെയ്യാം". അതിനാൽ ആ ദേവതയുടെ അനുഗ്രഹത്താൽ ആ കുടുംബത്തിൽ നല്ല ബുദ്ധിമാന്മാരായ കുട്ടികൾ ജനിച്ചു. സമ്പത്തു വർദ്ധിച്ചു. പ്രാദേശികമായി ശ്രെഷ്ഠതയും കുലീനതയുംകിട്ടി. എന്നാൽ കഷ്ടപ്പാട് എന്തെന്നറിയാതെ പിന്നീടുള്ള തലമുറക്ക് ഈ ധർമ്മ ദൈവങ്ങൾ ഒരു അധികപ്പറ്റായി, അവർ അതിനെ സൗകര്യപൂർവം വിസ്മരിച്ചു.പക്ഷെ സ്വന്തം മക്കളോട് അച്ഛന്മാമാർ ദേഷ്യപ്പെട്ടാൽ അത് എത്ര നേരം നിലനിൽക്കുമെന്ന് നമുക്കറിയാമല്ലോ? ആ അമ്മഭാവത്തെ നാം ഇനിയും മനസിലാക്കണം. ഇവിടെ സ്നേഹം ആണ് നമുക്ക് ക്ഷേത്രേശനോട് തോന്നേണ്ടത്. ദേവൻ ആണെങ്കിൽ പിതൃഭാവവും ദേവിയാണെങ്കിൽ മാതൃഭാവവും നാം വളർത്തണം.അതുപോലെ ആ തിരുഃ മണ്ണിൽ കാലുകുത്തി തൃപ്പടിയിൽ ഒരുവിളക്കുകൊളുത്തിയാൽ തീരാവുന്ന പിണക്കം മാത്രമേ ധർമദൈവങ്ങൾക്കുണ്ടാകൂ. ഇതിനു വേണ്ടിയുള്ള ധര്മദേവതാപ്രീതികരങ്ങളായുള്ള പ്രായശ്ചിത്തങ്ങൾക് ഒരു ജ്യോതിഷിയെ സമീപിച്ചാൽ അറിയാൻ സാധിക്കുന്നതാണ്
എങ്ങിനെ ആചരിക്കേണം?
------------------------------------------
"എന്തു ചെയ്തു പണ്ടുള്ളോരെന്നറിഞ്ഞതു ചെയ്യണം
ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ"
അതായത് കൗളാചാരമോ, സമയാചാരമോ ഏതാണോ പൂർവീകർ ആചരിച്ചിരുന്നത് എന്നവിധം അറിഞ്ഞു അതേവിധം ആചരിക്കുകയാണ് വേണ്ടത്.പക്ഷെ ചില ആചാരങ്ങൾ ഇന്ന് ആചരിക്കാൻ പ്രയാസമുള്ളതുമൂലം ഉത്തമനായ ഒരു ജ്യോത്സ്യനെ സമീപിച്ചു വിധിപ്രകാരം ദേവപ്രശ്നം എടുത്ത് ദൈവഹിതം അറിഞ്ഞു പ്രവർത്തിക്കേണം.
മാതൃ-പിതൃ വഴിയാണോ ആരാധിക്കേണ്ടത് ?
-----------------------------------------------------------------------
രണ്ടുവഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്നു പറയുവാൻ കഴിയും. പരദേവതയാരെന്നു കണ്ടെത്താൻ ഒരു ഉത്തമനായ ജ്യോതിഷിക്കു കഴിയും. പ്രശ്നത്തിൽ നാല്, അഞ്ചു് എന്നീഭാവങ്ങളെ കൊണ്ടാണ് ധർമ്മദൈവങ്ങളെ ചിന്തിക്കുന്നത്. മേൽ പറഞ്ഞ ഭാവങ്ങളും, അതുമായി ബന്ധപ്പെടുന്ന ഗ്രഹങ്ങളും,അവയുടെ ബലാബലങ്ങളും അനുസരിച്ചു വരുന്ന മൂർത്തികളായിരിക്കും അവരവരുടെ ധർമ്മദൈവങ്ങൾ. ധർമദേവതകളുടെ ദ്രേക്കാണ ചിന്തനം പ്രശ്നമാര്ഗം 15 ആം അധ്യായത്തിൽ 4 ആം ശ്ലോകം മുതൽ 7 ആം ശ്ലോകം വരെ വ്യക്തമായി പറയുന്നുണ്ട്.
ധർമദേവതയാരെന്ന്അറിയില്ലെങ്കിൽ ?
------------------------------------------------------------
സകല ദേവതാസ്വരൂപിണിയായിരിക്കുന്ന ജഗദംബികയായ ആദി പരാശക്തിയെ പൂജിക്കാവുന്നതാണ്.
ഇങ്ങനെ എവിടെ ധർമദേവതാ സങ്കൽപം ഈ എളിയവനു കഴിയുംവിധം വ്യക്തമാക്കിയിട്ടുണ്ട്.ഇത് ഇതിനെക്കുറിച്ചു അറിയാത്തവർക്കു വേണ്ടി എഴുതിയിട്ടുള്ളതാണ്. ആയത് നിങ്ങളുടെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചുകൊണ്ട് നിര്ത്തുന്നു
എപ്പോഴും അദൃശ്യശക്തിയായി എനിക്കനുഭവപ്പെടുന്ന എന്റെ സ്വാമിക്ക് അനന്തകോടി പ്രണാമങ്ങൾ!!!
സ്നേഹപൂർവ്വം,
പ്രൊഫ: സുബിൻ സുലളിതൻ
കരിയർ കൗൺസിലർ,വിസിറ്റിംഗ് പ്രൊഫസർ - ഇൻഫർമേഷൻ ടെക്നോളജി
അസ്ട്രോളജർ - ശ്രീപൂർണത്രയീശ ജ്യോതിഷ വിചാരകേന്ദ്രം ഉദയംപേരൂർ
***